Thursday, February 15, 2024
Google search engine
HomeKeralaകുതിരാനു സമീപം റോഡിലൊരു കുഴി; ആഴം – ഒന്നരയടി, വ്യാസം – ആറരയടി

കുതിരാനു സമീപം റോഡിലൊരു കുഴി; ആഴം – ഒന്നരയടി, വ്യാസം – ആറരയടി

വാണിയമ്പാറ ∙ ശക്തമായ മഴയിൽ ദേശീയപാതയിൽ‌ വിവിധയിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു. വാണിയമ്പാറ, മമ്മദ്പടി, പന്തലാംപാടം, മുടിക്കോട് എന്നിവിടങ്ങളിലാണു പാതയ്ക്കു നടുവിൽ‌ കുഴികൾ രൂപപ്പെട്ടത്. കുതിരാനു സമീപം മമ്മദ് പടിയിൽ ഒന്നരയടി താഴ്ചയും 2 മീറ്റർ വ്യാസവുമുള്ള കുഴി ഇരുചക്രവാഹനങ്ങൾക്ക് അപകടക്കെണിയാണ്. വാണിയമ്പാറ ചെക്​പോസ്റ്റിനു സമീപം ഒന്നരമീറ്റർ നീളത്തിലാണു കുഴി. പാതയുടെ പാലക്കാട് ജില്ലയിലെ ഭാഗങ്ങളിലും വടക്കഞ്ചേരി സർവീസ് റോഡിലും പലയിടത്തായി വലിയ കുഴികളുണ്ടായിട്ടുണ്ട്. മഴ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ പാത പൊളിഞ്ഞുതുടങ്ങിയിരുന്നു.

കരാർ ലംഘിച്ചിട്ടും കമ്പനിക്ക് എൻഎച്ച്എഐ സംരക്ഷണം

ദേശീയപാതയിൽ കുതിരാനു സമീപം മമ്മദ് പടിയിലെ കുഴി.
കുതിരാൻ ∙ ദേശീയപാത കരാർ കമ്പനി തുടർച്ചയായി കരാർ ലംഘനം നടത്തിയിട്ടും ദേശീയപാത അതോറിറ്റി കരാർക്കമ്പനിയെ സംരക്ഷിച്ചതാണു നിലവിലെ അവസ്ഥയുടെ കാരണമെന്ന് ആക്ഷേപം. 2009 ഓഗസ്റ്റ് 9 നു കരാർ ഒപ്പുവച്ചെങ്കിലും വർഷങ്ങളോളം പാതനിർമാണം മുന്നോട്ടുപോയില്ല. 2013ൽ ഭൂമി പൂർണമായും ഏറ്റെടുത്തു നൽകിയെങ്കിലും നിർമാണം തുടർന്നില്ല. ഇതേത്തുടർന്നു 2014 ഏപ്രിൽ 30നു കരാർ റദ്ദാക്കുന്നതിനു ദേശീയപാത അതോറിറ്റി നിലവിലെ കരാർ കമ്പനിക്കു നോട്ടിസ് നൽകിയിരുന്നു. എന്നാൽ പിന്നീട് മാസങ്ങൾക്കകം അതോറിറ്റി നോട്ടിസ് പിൻവലിച്ചു. കുതിരാനിൽ മണ്ണിടിച്ചിലും മണ്ണുത്തി മേൽപാലത്തിലെ വെള്ളക്കെട്ടും സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാത്തതും ആവശ്യമായ സർവീസ് റോഡ് ഇല്ലാത്തതുമെല്ലാം പരാതികളായി ദേശീയപാത അതോറിറ്റിക്കു മുന്നിലെത്തിയപ്പോഴെല്ലാം പരാതികൾ അവഗണിച്ചും എൻഎച്ച്എഐ കരാർ കമ്പനിയെ പലതവണ സഹായിച്ചിരുന്നു.

കണ്ണ് ടോൾപിരിവിൽ: നിർമാണം തിടുക്കത്തിൽ; ഭിത്തിനിർമാണം അശാസ്ത്രീയം

കുതിരാൻ ∙ വഴുക്കുംപാറ മേൽപാത സുരക്ഷാഭിത്തിയുടെ അശാസ്ത്രീയ നിർമാണത്തിനു കാരണം ടോൾപിരിവിനുവേണ്ടി ഈ ഭാഗത്തെ നിർമാണം തിടുക്കത്തിലാക്കിയതിനെത്തുടർന്നെന്ന് ആരോപണം. കഴിഞ്ഞ വർഷം മാർച്ച് 9 നാണു മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിച്ചത്. വഴുക്കുംപാറ മേൽപാതയുടെ ഒരു ഭാഗത്തേക്കുള്ള ട്രാക്കിലൂടെ രണ്ടുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ട് പാലക്കാട് ഭാഗത്തേക്കുള്ള ഭാഗം മാത്രം പൂർത്തിയാക്കിയാണു പിരിവ് ആരംഭിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments