Friday, May 10, 2024
Google search engine
Home Blog

‘സ്‌കന്ദ’ സെപ്റ്റംബർ 15ന് തിയെറ്ററുകളിൽ – Video

0

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ‘സ്‌കന്ദ’. സെപ്റ്റംബർ15ന് ചിത്രം റിലീസിനെത്തും.

ടൈറ്റിൽ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. വെള്ളത്തിനിടയിൽ വെള്ള വസ്ത്രമണിഞ്ഞ് എതിരാളികളെ കൊല്ലുന്ന റാമിനെ വീഡിയോയിൽ കാണാം.

ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെയാക്കിയിരിക്കുകയാണിപ്പോൾ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

റാമിന്‍റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്.

വില്ലനോ നായകനോ? ആകാംക്ഷാഭരിതമായി ജവാന്‍റെ പ്രിവ്യൂ വീഡിയോ

0

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആറ്റ്ലി- ഷാരൂഖ് ഖാൻ ചിത്രം ജവാന്‍റെ പ്രിവ്യൂ വീഡിയോ എത്തി. ബാൻഡോജുകൾ ചുറ്റിയ മുഖവുമായെത്തിയ ഷാരൂഖിന്‍റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ചർച്ചകൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിലെ ഇരട്ട വേഷം ചർച്ചയായിരിക്കെ, അതുറപ്പിച്ചുകൊണ്ട് ഓരേ സമയം നായകനും വില്ലനുമായെത്തുന്ന സൂചനയാണ് പ്രീവ്യൂ വീഡിയോയിൽ.

സൈനിക വേഷത്തിൽ നിന്നു വില്ലനായി മാറുന്ന ചിത്രത്തിൽ നയൻതാര, സാനിയ മൽഹോത്ര, റിധി ഡോഗ്ര, സുനിൽ ഗ്രോവർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദീപിക പതുക്കോണിന്‍റെ കഥാപാത്രവും പ്രിവ്യൂവിൽ കാണാം. അതേസമയം വിജയ്സേതുപതിയുടെ കഥാപാത്രം വീഡിയോയിൽ ഇല്ല.

പവർ സേവർ എന്ന ഉപകരണം ഉപയോഗിച്ചു വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും
കൂടുതൽ അറിയുക
റെഡ് ചില്ലീസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഷാരൂഖ് തന്നെയാണ് ചിത്രത്തിന്‍റെ നിർമാണം. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധിന്‍റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. സെപ്റ്റംബർ 7 ന് ചിത്രം തീയെറ്ററുകളിലെത്തും.

”കടുപ്പമേറിയ ആറു മാസം…”, ആരാധകരെ ആശങ്കാകുലരാക്കി സമാന്തയുടെ പോസ്റ്റ്

0

സമാന്ത റൂത്ത് പ്രഭുവിന്‍റെ ആരോഗ്യസ്ഥിതിയുടെ കാര്യത്തിൽ മാസങ്ങളായി നടിയുടെ ആരാധകർ ആശങ്കലാകുലരാണ്. ഏറ്റവും കടുപ്പമേറിയതും ദൈർഘ്യമേറിയതുമായ ആറു മാസമാണ് കടന്നു പോയിരിക്കുന്നതെന്ന അവരുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

സിനിമയിലെ ജോലികളെല്ലാം കഴിവതും വേഗത്തിൽ പൂർത്തിയാക്കി, ഒരു വർഷം നീളുന്ന ബ്രേക്ക് എടുക്കാനുള്ള തയാറെടുപ്പിലാണ് സമാന്ത. ആ സമയം കൊണ്ട് യുഎസിൽ പോയി വിദഗ്ധ ചികിത്സ തേടാനാണ് ഉദ്ദേശിക്കുന്നത്. അഡ്വാൻസ് തുക തിരിച്ചു നൽകി ചില സിനികളിൽനിന്ന് ഒഴിവാകുകയും ചെയ്തിട്ടുണ്ട്.

ഓട്ടോ ഇമ്യൂൺ രോഗമായ മൈയോസൈറ്റിസാണ് സമാന്തയെ ബാധിച്ചിരിക്കുന്നത്. രോഗ വിവരം പലപ്പോഴായി അവർ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്.

”ചിലപ്പോഴെനിക്ക് പെട്ടെന്ന് വണ്ണം വയ്ക്കും. ചിലപ്പോൾ രോഗിയെപ്പോലെയാകും. എന്നെ കാണാൻ എങ്ങനെയായിരിക്കുമെന്നത് ഇപ്പോൾ എന്‍റെ നിയന്ത്രണത്തിലേയല്ല. നടി എന്ന നിലയിൽ വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ ഏറ്റവും നല്ല മാധ്യമം കണ്ണുകളാണ്. പക്ഷേ, ഉണർന്നെഴുന്നേൽക്കുമ്പോൾ കണ്ണിൽ നിറയെ സൂചി കുത്തിവച്ചിരിക്കുന്ന അവസ്ഥയാണെനിക്ക്. ഞാൻ കറുത്ത കണ്ണട ധരിക്കുന്നത് സ്റ്റൈലിനു വേണ്ടിയല്ല. പ്രകാശത്തോട് അത്രയേറെ സെൻസിറ്റീവാണ് എന്‍റെ കണ്ണുകൾ. കണ്ണിൽ വെളിച്ചം തട്ടിയാൽ കടുത്ത മൈഗ്രെയ്നും കണ്ണുകളിൽ അസഹനീയമായ വേദനയുമാണ്. കണ്ണുകൾ നീരുവച്ച് വീങ്ങിയിരിക്കുകയും ചെയ്യും. എട്ടു മാസമായി ഇതാണ് അവസ്ഥ. ഒരുപക്ഷേ, ഒരു നടിക്ക് സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമായിരിക്കും ഇത്”, സമാന്ത ഒരിക്കൽ പറഞ്ഞു.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുശി എന്ന സിനിമയിലാണ് സമാന്ത ഇപ്പോൾ അഭിനയിക്കുന്നത്. സെപ്റ്റംബർ ഒന്നിന് മലയാളം അടക്കം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം റിലീസാകും. ഇതോടെ നിലവിൽ ഏറ്റെടുത്ത സമാന്തയുടെ പ്രോജക്റ്റുകളെല്ലാം പൂർത്തിയാകും.

വിവസ്ത്രയായി അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം; ദുരൂഹത

0

കോട്ടയം: രണ്ടുദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട്, അഴുകിയ നിലയിൽ കണ്ടെത്തി. പാലാ വലവൂർ സ്വദേശി ലോട്ടറി വിൽപ്പനക്കാരിയായ പ്രീതിയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്.

വലവൂർ ഐഐഐടിക്കു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റബ്ബർതോട്ടത്തിനു സമീപത്തെ വീട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. കഴുത്തിൽ ഷാൾ കുരുങ്ങിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം കാണാതായ ലോട്ടറി വിൽപ്പനക്കാരനായ പ്രകാശനെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുവരുടെയും മരണം തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശൻ ആത്മഹത്യ ചെയ്തതാണോ എന്നാണ് പൊലീസിന്‍റെ സംശയം.

രമാദേവി കൊലക്കേസിൽ വഴിത്തിരിവ്: 17 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

0

പത്തനംതിട്ട: കോഴഞ്ചേരിയെ നടുക്കിയെ രമാദേവി കൊലക്കേസിൽ 17 വർഷത്തിനു ശേഷം വൻ‌ വഴിത്തിരിവ്. രമാദേവിയുടെ ഭർത്താവ് സി.ആർ. ജനാർദ്ദനൻ നായരെയാണ് ക്രൈം ബ്രാഞ്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. രമാദേവിയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ മുടിയിഴകളാണ് അവസാനം യഥാർഥ പ്രതിയിലേക്ക് വിരൽ ചൂണ്ടിയത്.

2006 മേയ് 26നാണ് രമാദേവിയെ വീട്ടിലെ ഊണുമുറിക്കരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തെ കെട്ടിടത്തിൽ പണിക്കു വന്നിരുന്ന തൂത്തുക്കുടി സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ടു പോയിരുന്നത്. അന്വേഷണത്തിനിടെ ഇയാളെയും ഭാര്യയെയും കാണാതായത് സംശയത്തിന്‍റെ ബലം വർധിപ്പിച്ചു. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് കാണിച്ച് രമാദേവിയുടെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തതും പ്രതി കുടുങ്ങിയതും. കേസ് അന്വേഷണം വഴി തെറ്റിക്കാൻ പ്രതി പല തവണ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് ആരോപിച്ചു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കുറ്റസമ്മതം നടത്തിയ പ്രതിയെ പത്തനം തിട്ട കോടതിയിൽ ഹാജരാക്കി.

‘ത്രെഡ്‌സ്’ വൻ ഹിറ്റ്; ഏഴു മണിക്കൂറിനുള്ളിൽ ഒരു കോടി ഉപയോക്താക്കൾ

0

ലോഞ്ച് ചെയ്ത് 7 മണിക്കൂറുകൾക്കുള്ളിൽ ഒരു കോടി ഉപയോക്താക്കളെ സ്വന്തമാക്കി ത്രെഡ്സ്. ട്വിറ്ററിനു ബദലായി മാർക്ക് സക്കർബർഗിന്‍റെ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് മണിക്കൂറുകൾക്കുള്ളിൽ ഹിറ്റായിക്കഴിഞ്ഞു.

ജെന്നിഫർ ലോപ്പസ്, ഷക്കീറ, ഹ്യൂ ജാക്ക്‌മാൻ എന്നിവരടക്കമുള്ള സെലിബ്രിറ്റികൾ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കിയിട്ടുണ്ട്. 100 രാജ്യങ്ങളിൽ ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ത്രെഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ട്വിറ്ററുമായി സമാനതകൾ ഏറെയാണ് ത്രെഡ്സിന്. റീട്വീറ്റിനു പകരം റീ പോസ്റ്റ് എന്നും ട്വീറ്റ് എന്നതിനു പകരം ത്രെഡ്സ് എന്നുമാണ് ആപ്പിലുള്ളത്. 500 വാക്കുകളാണ് ത്രെഡ്സിലെ വേർഡ്സ് ലിമിറ്റ്.

അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ ത്രെഡ്സ് വഴി പങ്കുവയ്ക്കാം. അൺഫോളോ, ബ്ലോക്ക് ഓപ്ഷനുകളുമുണ്ട്. സൗഹൃദ സംഭാഷണങ്ങൾക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ത്രെഡ്സിനെ അവതരിപ്പിക്കുന്നതെന്നാണ് സക്കർബർഗ് പറയുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളവർക്ക് ത്രെഡ്സിൽ നേരിട്ട് അക്കൗണ്ട് ഉണ്ടാക്കാനും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെയെല്ലാം ഫോളോ ചെയ്യാനും സാധിക്കും.

യുക്രെയിന് നിരോധിത ക്ലസ്റ്റർ ബോംബുകൾ നൽകാൻ യുഎസ്

0

വാഷിങ്ടൻ: റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ നിരോധിത ക്ലസ്റ്റർ ബോംബുകൾ യുക്രെയിനു നൽകാൻ യുഎസ്. ഇതിനെതിരെ കടുത്ത എതിർപ്പുമായി ഐകൃരാഷ്ട്ര സംഘടനാ മോധാവിയും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. വ്യാപക അപകടസാധ്യതയുള്ള ഈ ബോംബുകൾ മനുഷ്യരാശിക്ക് വളരെ ദോഷകരമായി ബാധിക്കുമെന്നും ഇത് ഉപയോഗിക്കരുതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

എന്നാൽ, റഷ്യയുടെ കൈവശമുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായുള്ള പ്രത്യാക്രമണത്തിനു വേണ്ടിയാണിതെന്നാണ് യുഎസിന്‍റെ വിശദീകരണം. സാധാരണക്കാരായ ജനങ്ങൾക്ക് ദോഷമാവാത്ത വിധമാണ് ബോംബ് ഉപയോഗിക്കുകയെന്ന് യുക്രെയിൻ ഉറപ്പു നൽകിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. റഷ്യ യുക്രെയ്നിൽ പലവട്ടം ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായുള്ള ആരോപണങ്ങളുയരുന്നുണ്ട്.

ചെറു ബോംബുകളായി പൊട്ടിത്തെറിക്കുന്ന ക്ലസ്റ്റർ ബോംബുകൾ മാരക ആൾനാശമുണ്ടാക്കുന്നതാണ്. പൊട്ടാതെ കിടക്കുന്ന ബോംബുകൾ എല്ലാക്കാലത്തും മാരക ഭീഷണി ഉണ്ടാക്കുന്നവയാണ്. ഇവയുടെ നിർമ്മാണവും ഉപയോഗവും വിൽപ്പനയും നൂറിലേറെ രാജ്യങ്ങൾ നിരോധിച്ചതാണ്. എന്നാൽ ഈ കരാറിൽ റഷ്യ, യുക്രെയിൻ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഒപ്പു വച്ചിട്ടില്ല.

ബർലുസ്കോണി 905 കോടിയുടെ സ്വത്ത് എഴുതിവച്ചത് ഗേൾഫ്രണ്ടിന്

0

റോം: കഴിഞ്ഞ മാസം അന്തരിച്ച മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്കോണി തന്‍റെ 100 മില്യൻ യൂറോ (ഏകദേശം 905 കോടി രൂപ) വില മതിക്കുന്ന സ്വത്ത് എഴുതി വച്ചത് മുപ്പത്തിമൂന്നുകാരിയായ ഗേൾഫ്രണ്ട് മാർത്ത ഫാസിനയുടെ പേരിൽ.

മരിക്കുമ്പോൾ 86 വയസായിരുന്നു ബർലുസ്കോണിക്ക്. മൂന്നു വട്ടം ഇറ്റാലിയൻ പ്രധാനമന്ത്രിയായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വ്യവസായ സാമ്രാജ്യത്തിന്‍റെ ആകെ മൂല്യം ആറു ബില്യൻ യൂറോ (ഏകദേശം 54,000 കോടി രൂപ) മതിക്കും. ഇതിന്‍റെ നിയന്ത്രണം ബർലുസ്കോണിയുടെ മക്കളായ മരീനയ്ക്കും പിയർ സിൽവിയോയ്ക്കുമായിരിക്കും. മാർത്തയ്ക്ക് കൊടുത്തതിനു തുല്യമായ തുക തന്‍റെ സഹോദരൻ പൗലോയ്ക്കും ബർലുസ്കോണി എഴുതിവച്ചിട്ടുണ്ട്.

മാർത്തയെ ബർലുസ്കോണി ഔപചാരികമായി വിവാഹം കഴിച്ചിരുന്നില്ലെങ്കിലും, മരണക്കിടക്കയിൽ, ഭാര്യ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2018 മുതൽ ഇറ്റാലിയൻ പാർലമെന്‍റ് അംഗമാണ് മാർത്ത. ബർലുസ്കോണി സ്ഥാപിച്ച ഫോർസ ഇറ്റാലിയ പാർട്ടിയുടെ പ്രതിനിധിയാണ്. മൂന്നു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു.

യുക്രെയിനിൽ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്‌ത് യുഎസ്

0

വാഷിങ്ടൺ: യുക്രെയിനിലെ സമാധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്ത് യുഎസ്. യുക്രെയിനിന്‍റെ പരമാധികാരവും അതിരുകളും അംഗീകരിച്ചു കൊണ്ടുള്ള ഏതു രാജ്യത്തിന്‍റേയും സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുഎസ് അറിയിച്ചു.

യുക്രെയിനുമായുള്ള യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയമാണ്. അവർക്ക് നിരവധി സൈനികരെയും യുദ്ധോപകരണങ്ങളും നഷ്ടമായി. നിരവധി രാഷ്‌ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അവരുടെ സമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. സംഘർഷത്തിന്‍റെ തുടക്കം മുതൽ അന്താരാഷ്ട്രതലത്തിൽ യുക്രെയ്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും റഷ്യയ്ക്ക് തിരിച്ചടിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സമ്പദ്‍വ്യവസ്ഥയിൽ യുദ്ധം ഏൽപ്പിക്കുന്ന ആഘാതം നേതാക്കൾ ചർച്ച ചെയ്തു. അന്താരാഷ്ട്രനിയമങ്ങൾക്കും യുഎൻ ചാര്‍ട്ടറിനും അനുസൃതമായി വിഷയത്തിൽ ഇടപെടുമെന്ന് ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. മാത്രമല്ല, യുദ്ധാനന്തര യുക്രെയിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായിരുന്നു.

അഞ്ച് വിദേശികളുമായി എവറസ്റ്റിനു സമീപം ഹെലികോപ്റ്റർ തകർന്നു വീണു

0

കാഠ്മണ്ഡു: അഞ്ച് വിദേശികളുൾപ്പെടെ 6 പേർ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ തകര്‍ന്നുവീണു. ചൊവ്വാഴ്ച രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9N-AMV ഹെലികോപ്റ്റർ ആണ് തകര്‍ന്നുവീണത്.

സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ അപ്രതീക്ഷമാവുകയായിരുന്നു. യാത്രയാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. തുടർന്ന് ഭകഞ്ചെ ഗ്രാമത്തിലെ ലംജുരയിലെ ചിഹന്ദണ്ടയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

മെക്‌സിക്കോയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വലിയ സ്ഫോടനത്തോടെ ഹെലികോപ്റ്റര്‍ തകര്‍ന്നതായും അപകടസ്ഥലത്ത് നിന്ന് തീ പടരുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.